ലോകപ്രശസ്ത നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സാമൂഹിക പരിഷ്കർത്താവ് ,സ്വാതന്ത്ര്യസമരസേനാനി, പരിഭാഷകൻ എന്നീ നിലകളിൽ ആധുനിക കേരളപ്പിറവിക്ക് നിമിത്തമായവരിലൊരാളായ യശ്ശശരീരനായ പി. കേശവദേവിൻ്റെ സ്മരണക്കായി 2001-ൽ പി. കേശവദേവ് ട്രസ്റ്റ് രൂപീകരിക്കപ്പെട്ടു.
സാഹിത്യ പ്രവർത്തനങ്ങളിലും കേരളത്തിലും പുറത്തുമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ ആരോഗ്യ പരിരക്ഷയിലും സാമൂഹികവും മാനസികവുമായ ഉന്നമനത്തിലും ഊന്നി സജീവമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടനയാണിത്.
പി.കേശവദേവ് പുരസ്കാര സമർപ്പണമാണ് 2005 മുതൽ പി.കേശവദേവ് ട്രസ്റ്റ് നടത്തിവരുന്ന പ്രധാന വാർഷിക സാഹിത്യ സംഭവം. രണ്ടു പുരസ്കാരങ്ങളാണുള്ളത്. പി.കേശവദേവ് സാഹിത്യപുരസ്കാരവും പി.കേശവദേവ് ഡയാബ്സ്ക്രീൻ കേരള പുരസ്കാരവും (വ്യത്യസ്ത സമിതികളാണ് ഈ പുരസ്കാരനിർണയം നടത്തുന്നത്).
മാനദണ്ഡങ്ങൾ :
പൊതുജനാരോഗ്യ വിദ്യാഭ്യാസ രംഗത്തെ ചിട്ടയായ പരിശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഏറെ അഭിമാനകരമായി കണക്കാക്കപ്പെടുന്ന പി.കേശവദേവ് ഡയാബ്സ്ക്രീൻ കേരള പുരസ്കാരം ഏർപെടുത്തിട്ടുള്ളത്.
താഴെ പറയുന്ന മാനദണ്ഡങ്ങൾ നിറവേറ്റപ്പെടുന്നുവെന്നു കരുതുന്നുവെങ്കിൽ താങ്കൾക്കും അപേക്ഷിക്കാവുന്നതാണ്:
കഴിഞ്ഞ ഒരു ദശകത്തിലധികമായി പൊതുആരോഗ്യ വിദ്യാഭ്യാസരംഗത്ത് നടത്തിയ സേവനങ്ങൾ.
അപേക്ഷകൻ വൈദ്യശാസ്ത്ര രംഗത്തു പ്രവർത്തിക്കുന്നയാൾ ആകണമെന്നില്ല.
പൊതു ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുക്കളുടെ അടിസ്ഥാനത്തിലുള്ളതും വിവാദരഹിതവുമായിരിക്കണം.
അപേക്ഷകൻ സ്വന്തം കർമ്മ മണ്ഡലത്തിൽ സജീവമായി ഉള്ളയാളും അച്ചടി/ദൃശ്യ/സാമൂഹ്യ/ മാധ്യമങ്ങളിലൂടെ സ്വന്തം സാന്നിധ്യം അറിയിച്ചയാളുമായിരിക്കണം.
പോയ വർഷങ്ങളിൽ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരനിർണയ സമിതി പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. അത് എടുത്തു പറയത്തക്ക നല്ല പരിശ്രമമോ പ്രവർത്തിയോ ആകാം; ഉദാ. ഡെങ്കിയെ കുറിച്ച് ബോധവത്കരണത്തിനായുള്ള ഒരു നാടകം, പ്രമേഹബോധവത്കരണം ഉദ്ദേശിച്ചുള്ള ഒരു ഇന്ദ്രജാലം തുടങ്ങിയവ. ഇത്തരം എടുത്തുപറയത്തക്ക പ്രവർത്തനങ്ങൾക്ക് അംഗീകാരവും പ്രോത്സാഹനവുമെന്ന നിലക്കാണ് പുരസ്കാര സമിതി ഇവ തിരഞ്ഞെടുത്തത്.
ലേഖന കർത്താക്കളിൽ നിന്നും ഏതെങ്കിലും രോഗത്തെയോ ആസക്തികളെയോ ദുരന്തങ്ങളെയോ ആസ്പദമാക്കി പുസ്തക രചന നടത്തിയവരിൽ നിന്നുമെല്ലാമായി വർഷം തോറും നൂറുകണക്കിന് അപേക്ഷകൾ ആണ് (എൻട്രികൾ) പുരസ്കാര സമിതിക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. കേവലം ഇവയിലൂടെ മാത്രം പുരസ്കാരത്തിനുള്ള അർഹത നേടുവാനാവില്ല; അവ മൗലികവും കാലികപ്രസക്തിയുള്ളതും ഏതെങ്കിലുമൊരു മാധ്യമത്തിലൂടെ പ്രചാരം കൈവരിച്ചവയുമായിരിക്കണം.
പൊതുജനാരോഗ്യ വിദ്യാഭ്യാസ വിഷയത്തിൽ ക്രമാനുഗതവും ഏറെ ഫലപ്രദവുമായ പരിശ്രമങ്ങളിൽ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുവഹിച്ചിട്ടുണ്ടെന്നു വിശ്വാസമുള്ള ആരോഗ്യരക്ഷ പ്രവർത്തകർ, നഴ്സുമാർ,ജേർണലിസ്റ്റുകൾ, കലാകാരൻമാർ തുടങ്ങിയവരിൽ നിന്ന് ഞങ്ങൾ എൻട്രികൾ ക്ഷണിക്കുകയാണ്. ഇ-മെയിൽ: kesavadevtrust@gmail.com